11:24pm 09 November 2026
NEWS
ധ്രുവപ്രദേശങ്ങളിലെയും ആഴക്കടലിലെയും സൂക്ഷ്മജീവികളും നീല സമ്പദ്‌വ്യവസ്ഥയും കുസാറ്റിൽ ദേശീയ സമ്മേളനത്തിന് തുടക്കമായി
09/11/2026  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ധ്രുവപ്രദേശങ്ങളിലെയും ആഴക്കടലിലെയും സൂക്ഷ്മജീവികളും നീല സമ്പദ്‌വ്യവസ്ഥയും കുസാറ്റിൽ ദേശീയ സമ്മേളനത്തിന് തുടക്കമായി
HIGHLIGHTS

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി സമ്മേളനം ഉദ്ഘാടനം ചെയുന്നു

കൊച്ചി: ധ്രുവപ്രദേശങ്ങളിലെയും ആഴക്കടലിലെയും സൂക്ഷ്മജീവികളെയും നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെയും അടിസ്ഥാനമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.

അന്തരിച്ച മുൻ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. ഐ.സി.എ.ആർ.-സി.ഐ.ബി.എ. മുൻ ഡയറക്ടർ ഡോ. കെ. കെ. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ഓഫ് മറൈൻ സയൻസസിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച പൂർവ്വവിദ്യാർത്ഥിയും കേരളത്തിലെ മത്സ്യബന്ധന-ഗവേഷണ മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ദീർഘദർശിയായ പണ്ഡിതനുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ (ASM) ഇന്ത്യയിലെ അംബാസഡർ പ്രൊഫ. ഡോ. എ. എ. മുഹമ്മദ് ഹാത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT) ഡയറക്ടർ ഡോ. ജോർജ് നൈനാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡീൻ ഡോ. എസ്. ബിജോയ് നന്ദൻ, ഡയറക്ടർ ഡോ. കെ. സതീശൻ, മറൈൻ ജിയോളജി വകുപ്പ് മേധാവി ഡോ. പി. സുനിൽ എന്നിവർ ആശംസകൾ നേർന്നു. മറൈൻ ബയോളജി വകുപ്പ് മേധാവി ഡോ. ടി. പി. സജീവൻ സ്വാഗതവും ഡോ. വിഷ്ണു വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.

ധ്രുവപ്രദേശങ്ങളിലെയും സമുദ്രത്തിന്റെ അതിഗഹന മേഖലകളിലെയും സൂക്ഷ്മജീവികളുടെ വൈവിധ്യം, അവയുടെ പാരിസ്ഥിതിക പ്രാധാന്യം, ജൈവസാങ്കേതിക സാധ്യതകൾ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗം, നീല സമ്പദ്‌വ്യവസ്ഥയുടെ വികസനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. വിവിധ സാങ്കേതിക സെഷനുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം ഗവേഷകരും വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img